Saturday, November 18, 2017

മറക്കാനാവാത്ത വിമാന യാത്ര

ഇന്ന് രാവിലെ കാലികറ്റ് എയര്‍പോര്‍ട്ടില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ജെറ്റ് എയര്‍വേസ്‌ വിമാന വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് രണ്ടാഴ്ച മുന്നേ മടക്കയാത്രക്കിടയില്‍ നേരിട്ട ഭീതിയുണ ര്‍ത്തുന്ന നേര്‍ അനുഭവങ്ങള്‍ ആയിരുന്നു. കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം അനായാസകരമായി പൊങ്ങി ഉയര്‍ന്നെങ്കിലും പിന്നീടങ്ങോട്ടു ള്ള യാത്ര അത്ര സുഖക രമായിരുന്നില്ല .ആകാശ പാത സുഖകരമാല്ലാതെ ഇടയ്ക്കു താഴ്ന്നും പെട്ടന്ന്ഉയര്‍ത്തിയും ആശങ്ക പരത്തി കൊണ്ടെയിരുന്നു. മുന്നറിയി പ്പുകള്‍ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു ഏവരും പരിഭ്രാന്തിയി ലേക്ക് തള്ളപെട്ട നിമിഷങ്ങ ള്‍ അത് മണിക്കൂറുകളോളം നീണ്ടു നിന്നു,ആകാശച്ചുഴിയില്‍ അകപ്പെട്ടത് പോലെ പലപ്പോഴും അനു ഭവപ്പെട്ടു ,അത് വരെ ഉണ്ടായ കൊച്ചു കുട്ടികളുടെ കരച്ചിലുകള്‍ മുതിര്‍ന്നവരുടെ ഇടയിലും പരന്നു വിമാന ജീവനക്കാരെ ആരെയും കാണാന്‍ ഇല്ല ഒരു മണിക്കൂര്‍ ദൂരം പറന്നിട്ടും വെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ അവര്‍ വന്നില്ല , സ്വയം തിരഞ്ഞെടുക്കുന്നത് എങ്കിലും ഓരോ പ്രാവാസി യുടെയും കദനഭാരം തന്നെ സ്വയം താങ്ങാന്‍ വയ്യാതെ ഇരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ഈ ഒരു അവസ്ഥയും , പലരും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു .അവരുടെ ദൈവ പ്രാര്‍ത്ഥന കളില്‍ മതവും ജാതിയും രാജ്യവുമൊന്നും കടന്നു വന്നില്ല ജീവനില്‍ ഉള്ള കൊതി മാത്രമായിരുന്നു . വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ഞാന്‍ പത്ര പ്രവര്‍ത്തകനായ ടി .എന്‍ ഗോപകുമാ റിന്റെ (ടി.എം.ജി) "ശഖുംമുഖം" എന്ന ബുക്ക് വായി ക്കാന്‍ കരുതിയിരുന്നു,വായന തുടര്‍ന്ന ഞാന്‍ എല്ലാ പരി ഭ്രാന്തികളെയും അതിജീവിക്കാന്‍ അതിലൂടെ ഒരു ശ്രമം നടത്തി ,അതിന്ടക്ക് വീണ്ടും മുന്നറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നു ചിലരൊക്കെ ടോയലറ്റില്‍ പോയി മൂത്രം ഒഴിച്ച് കൊണ്ടേയിരുന്നു അതും ഒരു അതിജീവനം ആയി തോന്നി ആഘട്ടത്തില്‍, ചിലര്‍ സുരക്ഷ ഉപകരണങ്ങള്‍ വെച്ചിരിക്കുന്ന ട്രേയില്‍ ഒരു നിരീക്ഷണം നടത്തുന്നതും കാണാമായിരുന്നു ഒടുവിലെത്തെ പിടിവള്ളി എന്ന മട്ടില്‍ , പക്ഷെ ഇതിനെയൊക്കെ അതിജീവിച്ചു ചിലര്‍ ഉറക്കത്തി ലേക്കു വഴുതി വീണത്‌ കണ്ടപ്പോള്‍ ഇവരൊക്കെ ജീവിച്ചിരിക്കു മ്പോള്‍ തന്നെ മരിച്ചവരാണ്‌ അല്ലെ ങ്കില്‍ മരിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോയി ഹോ !!! അക്ഷരങ്ങളില്‍ കണ്ണ് ശരിക്കും ഉടക്കുന്നില്ല എങ്കിലും വായന തുടര്‍ന്ന ഞാന്‍ പുസ്തകത്തിന്റെ കാല്‍ഭാഗം പൂര്‍ത്തിയാവുന്നു , പതിമൂന്നാമത്തെ അദ്ധ്യായം തലകെട്ട് കണ്ട ഞാന്‍ ആകെ വിയര്‍ത്തു ഒന്ന് കൂടി ശ്രദ്ധിച്ചു വായിച്ചു ആ പേര് "വാഹന ജഡങ്ങള്‍ " നിമിത്തങ്ങളെ ഒരിക്കലും വിശ്വസിച്ചി രുന്നെങ്കിലും പല പുസ്തകങ്ങളിലും ഇത് പോലുള്ള നിമിത്തങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട് ..ഇതാ ഒരു പരീക്ഷണം പോലെ എന്റെ മുന്നില്‍...അദ്ധ്യായം മടക്കി വെച്ച് കണ്ണടച്ച് കുറെ കിടന്നു ... "സോഫ്റ്റ്‌ഡ്രിങ്ക്സ് ഓര്‍ വാട്ടര്‍' സാര്‍ ? പുറത്തു തട്ടിയുള്ള എയര്‍ഹോസ്റ്റസിന്റെ ചോദ്യവും പുഞ്ചി രിക്കുന്ന മുഖവും കണ്ടാണ്‌ തലയുയര്‍ത്തി കണ്ണ് തുറന്നത് .. അപ്പോഴേക്കും വിമാനം ലക്ഷ്യത്തിലേക്ക് സുഖമമായി കുതിക്കുന്നുണ്ടായിരുന്നു ഒന്നും സംഭവിക്കാത്തത് പോലെ .. വൈകി വന്ന ലിക്കര്‍ ആര്‍ത്തിയോടെ രണ്ടു കവിള്‍ അകത്താക്കി ടെന്‍ഷന്‍ ഒഴുക്കി കളയുന്നവരും ദൈവത്തോട്നന്ദി കണ്ണീരിനാല്‍ രേഖപ്പെടുത്തു ന്നവരും നേരത്തെ ഒരു അലട്ടലുമില്ലാതെ ഉറങ്ങി കിടന്നവര്‍ ഭക്ഷണവുമായി മല്‍പ്പിടുത്തം നടത്തുന്നതുമെല്ലാം കാണാമായി രുന്നു ..ഞാന്‍ മെല്ലെ അടച്ച പുസ്തകം വീണ്ടും തുറന്നു.. നിമിത്തങ്ങള്‍ക്ക് പിടികൊടുക്കാതെ എയര്‍ ഇന്ത്യയും ആദര്‍ശ സത്യങ്ങള്‍ അരക്കിട്ടുറപ്പിച്ചു ഞാനും മണലാരണ്യത്തിലേക്ക് ദേശാടനപക്ഷിയെ പോലെ മെല്ലെ പറന്നിറങ്ങി ....

Wednesday, December 14, 2016

എന്റെ ഗ്രാമം കുറ്റ്യാട്ടൂര്‍ മാങ്ങയുടെ സ്വന്തം നാട് ...

. പിറന്ന നാടും പെറ്റമ്മയും നല്‍കുന്ന ആത്മബന്ധം പലപ്പോഴും വിവരാണാതീതമാണ്.. എന്റെ ഗ്രാമത്തെകുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ ഈ പ്രാവാസലോകത്തു ഇരിക്കുമ്പോള്‍ നല്‍കുന്നത് ഗതകാലസുഖസ്മരണകള്‍ ആണ് . വടക്ക് ഭാഗം വളപട്ടണം പുഴയുടെഭാഗമായ പാവന്നൂര്‍ പുഴയും പടിഞ്ഞാറ്ഭാഗത്ത്‌ മുണ്ടേരി പുഴയും കിഴക്ക് ഭാഗം തലഉയര്‍ത്തി ചരിത്രത്തിന്റെ ശേഷിപ്പായി നില്‍കുന്ന തീര്‍ത്ഥട്ടുമലയും പാടവും പറമ്പും കുന്നുകളും താഴ്വരകളും നിറഞ്ഞു നില്‍ക്കുന്ന ഇടനാട്‌മേഖലയില്‍ ഉള്‍പ്പെടുത്താവുന്ന സുന്ദരമായ ഒരു നാട്ടിന്‍ പുറം ആണ് കണ്ണൂര്‍ ജില്ലയിലെ എന്റെ കുറ്റ്യാട്ടൂര്‍ എന്ന ഗ്രാമം .. കുറ്റ്യാട്ടൂര് എന്ന പേരിനു പിന്നില് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. വടക്കേ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര് ശിവക്ഷേത്രത്തില് ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനില് നിന്നു കല്പിച്ചുകിട്ടിയത് കുറ്റിയാട്ടൂരിലെ പ്രശസ്തരായ നാലുനമ്പ്യാര് തറവാട്ടുകാര്ക്കായിരുന്നു. നാലരകുറ്റി പശുവിന് നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും .കുറ്റി ആട്ടുന്നവരുടെ ദേശം ഒടുവില്‍ ലോപിച്ച് കുറ്റിയാട്ടൂര്‍ ആയി എന്നും പറയപ്പെടുന്നു . അത് പോലെ പ്രാചീന കാലത്ത് ഈ പ്രദേശത്ത് കൂടുതല്‍ കണ്ടു വന്നത്കുറ്റിക്കാടുകള്‍ ആയിരുന്നു എന്നും അത് പിന്നീട് ഗ്രാമത്തിന്റെ പേരായി കുറ്റിക്കാട്ടൂര്‍ എന്നും ഒടുവില്‍ കുറ്റ്യാട്ടൂര്‍ ആയിഎന്നും വേറെ ഒരു ഐതിഹ്യവും നിലനില്‍ക്കുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ശിലാലിഖിതങ്ങളിലും ചെമ്പോലകളിലും ഇതില്‍ നിന്നും വ്യതസ്തമായി കുത്തരിക്കാട്ടൂര്‍ എന്ന പേരാണ് കാണാന്‍ കഴിയുന്നത് ...പേര്കൊണ്ട് ഇങ്ങനെ വൈവിധ്യങ്ങളായ ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശം കാര്‍ഷികമേഖലയെ ആയിരുന്നു ആദ്യകാലങ്ങളില്‍ ഉപജീവനത്തിന് കൂടുതല്‍ ആശ്രയിച്ചിരുന്നത് .. ഈ പ്രദേശത്ത് സുലഭമായി ഉണ്ടാകുന്ന ഏറെ പേര് കേട്ട കുറ്റ്യാട്ടൂര്‍ മാങ്ങ പ്രദേശത്തിന്റെ പെരുമ രാജ്യാന്തരതലത്തിലേക്ക് വരെ എത്തിക്കുന്നു ..വലിയ ഒരു വരുമാനമാര്‍ഗ്ഗം കൂടിആണ് കര്‍ഷകരെ സംബന്ധിച്ച് കുറ്റ്യാട്ടൂര്‍ മാങ്ങ ,50 കോടി രൂപയുടെ കുറ്റ്യാട്ടൂര്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ മാത്രം 20 കോടി രൂപയുടെ മാങ്ങ ലഭിക്കാറുണ്ട്. കുറ്റ്യാട്ടൂരില്‍ 300 ഹെക്ടറിലായി പ്രതിവര്‍ഷം ഏഴായിരം ടണ്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നു.കുറ്റ്യാട്ടൂര്‍ മാങ്ങയുടെ ദേശസൂചിക രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് ദേശസൂചികാ പദവി ലഭിച്ചാല്‍ വിപണി കൈയടക്കാം. ദേശാന്തരങ്ങളില്‍ ഈ മധുരക്കനി കുറ്റ്യാട്ടൂരിന്റെ പേരറിയിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍ അത് പോലെ തന്നെ സമ്പന്നമായൊരു സാംസ്കാരിക പൈതൃകമുള്ള നാടാണ് കുറ്റ്യാട്ടൂര്. മതസൌഹാര്ദ്ദത്തിന്റെ വിളനിലമായ ഇവിടെ ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കുന്നു. വടക്കേ മലബാര്‍ തിറകളുടെയും തറികളുടെയും നാട് എന്ന് കൂടി വിശേഷിപ്പിക്കാറുണ്ട്. ഇവിടവും വ്യതസ്തമല്ല . ഒട്ടേറെ കാവുകള്, ക്ഷേത്രങ്ങള്, പുരാതന തറവാടുകള് എന്നിവയൊക്കെ ഈ നാടിന്റെ ചരിത്രപാരമ്പര്യം വിളിച്ചോതുന്നു . ഋഷി മാര്‍ തപസ്സു ചെയ്തു എന്ന് പറയപ്പെടുന്ന തീര്‍ത്ഥട്ടുമല ഗുഹയും വളരെ പ്രസിദ്ധമാണ് , അതിപുരാതനങ്ങളായ കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം മാണിയൂര് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. അങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട് ,പലതിനും 1000 വര്ഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ കലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന, ക്ഷേത്രച്ചുമരുകളിലെ ശില്പവേലകള് കാലപഴക്കത്തെ അതിജീവിച്ചുകൊണ്ട് ജനങ്ങളെ ആകര്ഷിക്കുന്നു.വേറൊരു പ്രധാന ക്ഷേത്രമായ കിഴക്കന്കാവ് ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുമുടി കേരളത്തിലെ തന്നെ അത്യപൂര്വ്വങ്ങളായ ക്ഷേത്രാനുഷ്ഠാനങ്ങളിലൊന്നാണ്. വളരെ പ്രസിദ്ധമാണ് കുറ്റിയാട്ടൂര്‍ കൂര്‍ബ്ബക്കാവ് താലപ്പൊലി മഹോത്സവം, ജാതി മത ബേധമന്യേ പ്രദേശത്തിന്റെ ഉത്സവമായി മാറുബോള്‍ അന്യദേശങ്ങളില്‍ നിന്നും പോലും ആളുകള്‍ വന്നെത്തുന്നു . വളരെ പുരാതനമായ മുസ്ളീം ദേവാലയമാണ് ചെക്കിക്കുളത്തിനടുത്തുള്ള പാറാല്പ്പള്ളി. പള്ളിയോടനുബന്ധിച്ചുള്ള മഖാമില് രണ്ട് ശൂഹതാക്കള് (രക്തസാക്ഷികള്) അന്ത്യവിശ്രമം കൊള്ളുന്നു. എല്ലാ വര്ഷവും കുംഭം 24-നു ആഘോഷിക്കുന്ന പാറാല്പ്പള്ളി നേര്ച്ച ഈ പ്രദേശത്തിന്റെ മാത്രമല്ല ജില്ലയുടെ തന്നെ ഒരു മഹോത്സവമാണ്. അന്നത്തെ ദിവസം നാനാജാതിമതസ്ഥര് പ്രസ്തുത ആഘോഷത്തില് പങ്കെടുക്കുകയും നേര്ച്ചകള് നേരുകയും ചെയ്യുന്നു. മതമൈത്രിയുടെ പ്രതീകമായ പ്രസ്തുത മഖാമില് എല്ലാവര്ക്കും പ്രവേശനമുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിറക്കല് രാജവംശത്തിന്റെ അധികാര പരിധിയില്പ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു കുറ്റ്യാട്ടൂര്. പില്ക്കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെതുടര്ന്ന്, സാമ്രാജ്യത്വഭരണസ്ഥാപനങ്ങളുടേയും, ജന്മി-നാടുവാഴിത്ത കൂട്ടുകെട്ടിന്റെയും നേതൃത്വത്തില് നടത്തപ്പെട്ട അടിച്ചമര്ത്തലുകളും ചൂഷണവും കാരണം, മഹാഭൂരിപക്ഷം വരുന്ന അവര്ണ്ണരും താഴ്ന്ന ജാതിക്കാരുമായ സാമാന്യജനങ്ങള്, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില് പിന്തള്ളപ്പെട്ടു. മാത്രമല്ല അടിമ-ഉടമ സമ്പ്രദായമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. അക്കാലത്ത് രൂപം കൊണ്ട കര്ഷകപ്രസ്ഥാനം, അയല്‍ പ്രദേശങ്ങള്‍ക്കൊപ്പം കുറ്റിയാട്ടൂരിലെ കൃഷിക്കാരിലും, കര്ഷകത്തൊഴിലാളികളിലും, പുതിയ ഉണര്‍വ്വും ആവേശവും ഉണ്ടാക്കി. എ.കെ.ജി, ഭാരതീയന്, കേരളീയന് തുടങ്ങിയ നേതാക്കളുടെ സന്ദര്ശനം, പീഡനത്തിന്റേയും അടിച്ചമര്ത്തലിന്റേയും നേരെ, ചെറുത്തുനില്പ്പിന്റേയും പ്രതിരോധത്തിന്റേയും, അതുവഴി കൂട്ടായ്മയുടേയും ആശയം മെല്ലെമെല്ലെ അവശവിഭാഗങ്ങളില്, വിശേഷിച്ചും കൃഷിക്കാരില് എത്തിക്കുവാന് സഹായിച്ചു. പോരാട്ടങ്ങളുടെ നാളുകള്ക്ക് തുടക്കമായി. നുരി വെച്ചുകാണല്, പാറവശ് തുടങ്ങിയ അക്രമപ്പിരിവുകള്ക്കെതിരെ ചിറക്കല് താലൂക്കില് അലയടിച്ചുയര്ന്ന പ്രക്ഷോഭത്തില് കുറ്റിയാട്ടൂരിലെ കൃഷിക്കാരും പങ്കെടുത്തു. കുടിയാന് മുട്ടിനു താഴ്ത്തി മുണ്ടുടുക്കുന്നതിനും, തോര്ത്ത് തലയില് കെട്ടി നടക്കുന്നതിനും വിലക്കു കല്പ്പിച്ചിരുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ തലേക്കെട്ട് സമരം, പഴശ്ശിയിലെ വണ്ണാത്തിമാറ്റ് സമരം തുടങ്ങിയവ കര്ഷകര്ക്കിടയില് സംഘബോധത്തിന്റേയും, കൂട്ടായ്മയുടേയും പുതിയ അവബോധം തുറന്നുകൊടുത്തു. അതോടപ്പം ഗ്രന്ഥശാലകള്, വായനശാലകള്, മറ്റു കലാസാംസ്കാരിക സ്ഥാപനങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങള് സാമൂഹ്യപരിവര്ത്തനത്തിനു വളരെയേറെ സഹായിച്ചിട്ടുണ്ട്. ഗ്രന്ഥാലയങ്ങളുടെ വിളനിലമായിരുന്നു എന്റെ ഗ്രാമം എന്ന് പറഞ്ഞാല്‍ തെറ്റാകില്ല മികച്ച രീതിയില് പ്രവര്ത്തിക്കുന്ന 12 ഗ്രന്ഥശാലകളും വായനശാലകള്ക്കും പുറമെ കലാസാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്ത്തനം കാഴ്ചവെക്കുന്ന 22 ക്ളബ്ബുകളും സംസക്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു, .അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ഭൂമിശാസ്ത്രപരമായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയാണിന്നു .. ..വളരെ അഭിമാനത്തോടെ നിങ്ങളുടെ സമക്ഷം എന്റെ ഗ്രാമത്തെ പരിചയപെടുത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട് .

കുറ്റ്യാട്ടൂര്‍ മാങ്ങ വിവാദം ,അജണ്ടകള്‍ തിരിച്ചറിയപെടാതെ പോകരുത് ...

ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ ഇതുമായി ബന്ധപട്ട ചര്‍ച്ചകളെ വീക്ഷിക്കുകയായിരുന്നു ..... .കുറച്ചു ദിവസങ്ങള്‍ ആയി മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും മാങ്ങയെ ചൊല്ലി ഉള്ള വിവാദം നിലനില്‍ക്കുക്കയാണ് .നമ്പ്യാര്‍ മഹാസഭ എന്ന പ്രസ്ഥാനം ഈ മാങ്ങയുടെ യദാര്‍ത്ഥ നാമം " നമ്പ്യാര്‍ മാങ്ങ " എന്നാണ് എന്നും ഇപ്പോള്‍ ഈ മാങ്ങക്ക് ദേശസൂചികയില്‍ ഉള്‍പെടുത്തി "കുറ്റ്യാട്ടൂര്‍ മാങ്ങ" എന്ന് നാമകരണം ചെയ്യാന്‍ തുനിയുന്ന കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെ യും നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ പറയുന്ന സഭ ഒരു നിയമ നടപടിയുമായി പുറപ്പെട്ടിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത് . ഇവിടെ വളരെ വിരോധാഭാസമായി തോനുന്നത് ഈ പറയുന്ന സഭയില്‍ കൂടി കുറ്റ്യാട്ടൂരിലെ നമ്പ്യാര്‍ സമുദായത്തിന്റെ ഭൂരിപക്ഷ വികാരങ്ങള്‍ അല്ല പുറത്തു വരുന്നത് എന്നുള്ളതാണ് . ഏതോ സങ്കുചിത കേന്ദ്രങ്ങളില്‍ നിന്നും ആസൂത്രിതമായ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഒരു അജണ്ടയാണ് ഈ മാങ്ങ വിവാദം സൃഷ്ടിക്കുവഴി ടിയാന്മാര്‍ ഉദ്ദേശിക്കുന്നത്.ഈ വിവാദവുമായി എന്റെ സുഹൃത്തുക്കളുമായി പ്രസ്തുത സമുദായത്തില്‍ പെടുന്നവരുമായി ആശങ്ക പങ്കു വെക്കുകയുണ്ടായി ..അവരൊന്നും ഈ പറഞ്ഞ വാദങ്ങളെ അനുകൂലിക്കുന്നവര്‍ ആയിരുന്നില്ല ...ഇന്നത്തെ വര്‍ത്തമാന സാഹഹചര്യത്തിൽ ഈ ഒരു ചര്‍ച്ച ആര്‍ക്കു ഗുണം ചെയ്യും എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ . ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥകള്‍ക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ ചരിത്രങ്ങള്‍,സാമൂഹിക മുന്നേറ്റങ്ങള്‍ എല്ലാം കൊണ്ട് ഉഴുതുമറിച്ച മണ്ണാണ് കുറ്റ്യാട്ടൂരിന്റെത് .ഈ പ്രദേശത്തെ ഈ നമ്പ്യാര്‍ സമുദായത്തില്‍ പെട്ടവരടക്കം നവോത്ഥാന മൂല്യങ്ങള്‍ക്ക് ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കും എതിറെ ധീരോദാത്തതമായ നിലപാടുകള്‍ കൈ കൊണ്ടതിന്റെ തല്‍ബലമായി ഇന്ന് കുറ്റ്യാട്ടൂര്‍ സാമൂഹ്യ പുരോഗതി കൈവരിച്ച ഒരു ദേശമായി നിലനില്‍ക്കുന്നത്. ഈ പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ എല്ലാ ജാതി മത ത്തില്‍ പെട്ടവര്‍ക്കും വിശിഷ്യ കമ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിനും ഉള്ള പങ്കു ഗണനീയമാണ് ...ചരിത്രപരമായി മാങ്ങയുടെ നാമ വിവാദം പരിശോദിച്ചാല്‍ അഞ്ചു നൂറ്റാണ്ട് മുന്നേ നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി ഒരു മാവിന്റെ വിത്ത് കൊണ്ടു വന്നു കൃഷി ചെയ്തു തുടങ്ങിയ ഈ മാവ് തുടര്‍ന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ ഈ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം. പ്രതി വർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുമെന്നാണ് കണക്ക്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ നമ്പ്യാര്‍ ആയിരുന്നു വില്‍ക്കാന്‍ കൊണ്ട് പോയത് .. നമ്പ്യാര്‍ കൊണ്ട് വരുന്ന മാങ്ങ എന്നര്‍ത്ഥത്തില്‍ "നമ്പ്യാര്‍ മാങ്ങ " എന്നും ഒടുവില്‍ അത് കൊണ്ട് വരുന്ന പ്രദേശത്തിന്റെ പേരില്‍ തന്നെ കാലാന്തരെ "കുറ്റ്യാട്ടൂര്‍ മാങ്ങ " എന്നും അറിയപെടാന്‍ തുടങ്ങി എന്നതാണ് വസ്തുത ....ഇപ്പോള്‍ ഈ മാങ്ങക്ക് ദേശ സൂചിക പദവി ലഭിക്കും എന്ന ഘട്ടത്തില്‍ ആണ് ഈ വിവാദവും നിയമനടപടിയിലേക്കും പ്രസ്തുത സഭ പോകുന്നത്... ഇത് കുറ്റ്യാട്ടൂരിലെ നമ്പ്യാര്‍ സമുദായത്തിന്റെ വികാരമായി ആരും വിലയിരുത്തരുത്‌ കാരണം സ്വന്തം സമുദായത്തെക്കാള്‍ ജനിച്ച ദേശത്തെ സ്നേഹിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങള്‍ക്ക് നേത്രത്വ പരമായ പങ്കു വഹിച്ച ജനതയ്ക്ക് ഈ ഒരു മാങ്ങയില്‍ ജാതി കുത്തി വെക്കാന്‍ ഉള്ള അധമമായ ജീര്‍ണ്ണിച്ച ചിന്താഗതി ഒരിക്കലും ഉണ്ടാവില്ലെന്നുല്ലത് ഉറപ്പാണ്‌ ...ഇതിനു പിന്നില്‍ ചിലര്‍ നടത്തുന്ന സങ്കുചിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ക്ക്‌ എതിരെ പുരോഗമനപരമായ ചിന്തിക്കുന്ന മുഴുവന്‍ നാട്ടുകാരുടെയും ജാഗ്രത പ്രതിരോധം രൂപപെട്ട് വരേണ്ടിയിരിക്കുന്നു

ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധകാലത്ത് മുടി വെട്ടാന്‍ പോയ പ്രവാസിയുടെ ധര്‍മ്മ സങ്കടം

കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടി വെട്ടാന്‍ പോകുന്നത് ഒരു പാക്കിസ്ഥാനിയുടെ കടയില്‍ ആയിരുന്നു ,പോകാന്‍ ഉള്ള കാരണം വേറൊന്നുമല്ല ആഗ്രഹിക്കുന്നത് പോലെ സുന്ദരമായി വെട്ടിത്തരും എന്നുള്ളത് തന്നെ...കഴിഞ്ഞ ദിവസവും പോയി കസേരയില്‍ കയറി ഇരുന്നപാടെ ഷേവിംഗ് ക്രീം മുഖത്ത് തേച്ചു കത്തിയുമായി അയാള്‍ ജോലി തുടങ്ങിയപ്പോള്‍ ആണ് അവിടെ ഉള്ള പാക്കിസ്ഥാനി ടി വി ചാനല്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത് , ഇന്ത്യന്‍ പട്ടാളക്കാരനെ ബന്ദിയാക്കി കിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാക് പട്ടാള ക്കാരുടെ ദൃശ്യമാണ്, അത് കണ്ടു എന്റെ ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനീ ജോലി നിര്‍ത്തി അങ്ങോട്ട്‌ നോക്കി കയ്യുയര്‍ത്തി സഹജോലിക്കാരനോട് സബാഷ് സബാഷ്എന്ന് സന്തോഷം അടക്കാനാവാതെ ഉറക്കെ പറഞ്ഞു .തുടര്‍ന്ന് അവര്‍ പരസപരം ആഹ്ലാദം പങ്കു വെക്കുകയുംചെയ്യുന്നു .എന്റെ ഉള്ളം അറിയാതെ ഒന്ന് കാളി..!!പണി പാളിയല്ലോ പടച്ചോനെ...!!! എഴുന്നേറ്റ് പോകാനും ആവുന്നില്ല കത്തി ഏതാണ്ട് ചങ്കിനു സമീപത്താണ്, മൂത്രം ഒഴിക്കാന്‍ മുട്ടുന്നു എന്ന്പറഞ്ഞു എഴുന്നെറ്റാലോ എന്ന്ഒരു വട്ടം ആലോചിച്ചു, പിന്നെ അയാള്‍ക്ക്‌ സംശയം കുടുങ്ങിയാല്‍ ഉള്ളതില്‍കൂടുതല്‍പണി ആകും എന്ന് കരുതി പിടിച്ചു നിന്നു,അയാള്‍ മെല്ലെ വീണ്ടും ജോലി തുടങ്ങി , ഹോ കണ്ണാടിയില്‍ അയാളുടെ ഭാവവും രൂപവും കത്തിയും മാറി മാറി നോക്കി പതിനഞ്ചു മിനുട്ട് എങ്ങനെ ഞാന്‍ ഇരുന്നു എന്ന് പറയാന്‍ ആവില്ല ,,അറിയാലോ മുന്നും പിന്നും നോക്കാത്ത ജന്മങ്ങള്‍ ആണല്ലോ.. ഇന്ത്യന്‍ പട്ടാളക്കാരനെ കൊല്ലാന്‍ കിട്ടാത്ത വിഷമത്തില്‍ ഇവനെങ്കിലും ഇരിക്കട്ടെ എന്ന് കരുതിയാലോ ? ആത്മശാന്തിക്കു ഒരു പരമ വീരചക്രം പോലും കിട്ടാനുള്ള വകുപ്പും പോലും ഈ പഹയന്റെ കത്തി കൊണ്ട് മരിച്ചാല്‍ ... !!! എല്ലാം കഴിഞ്ഞു കാശും കൊടുത്ത് ഷോപ്പ് വിട്ടപ്പോള്‍ ആണ് ശ്വാസം നേരെ വീണത്‌ ..ഹോ ഇനിയേതായാലും അതിര്‍ത്തിയിലെ എല്ലാം അടങ്ങിയിട്ടെ മുടി വെട്ടല്‍ ഉള്ളൂ..........

ഗ്രന്ഥശാല പ്രവര്‍ത്തനവും, ഇടയിലെ ടി വി മോഷണവും ഓര്‍മ്മ കുറിപ്പ് .............

ഗ്രാമപ്രദേശങ്ങളില്‍ ടെലിവിഷന്‍ വ്യാപകമായി പ്രചരിക്കാത്ത കാലത്താണ് ഞാന്‍ ഒരു ഗ്രന്ഥശാല സെക്രട്ടറി ആയി പ്രവര്‍ത്തിക്കാന്‍ ഇട വന്നത്, പ്രസിഡന്റായി എന്റെ ഒരു പ്രീയ സുഹൃത്തും ,ആ കാലത്തൊക്കെ ടി വി കാണുവാന്‍ ഏവരും വായനശാലകളെയാണ് ആശ്രയിച്ചത് ,നാടിന്റെ എല്ലാ സ്പന്ദനങ്ങളും വായനശാലകള്‍ ആയിരുന്നു, ലോകകപ്പു ഫുട്ബോള്‍ ഓക്കേ കാണുവാന്‍ പുലരുവോളം വായനശാലയില്‍ ചിലവഴിച്ചു ആരവം മുഴുക്കുന്ന ഒരു കാലഘട്ടം , ബ്രസീലിന്റെയും അര്‍ജുന്റീനയുടെയുമൊക്കെ പോരാട്ടം ആരാധകര്‍ സ്വയം ഏറ്റെടുത്തു ടിവി ക്ക് മുന്നില്‍ തന്നെ കയ്യാങ്കളിയില്‍ എത്തുന്ന കാലം ,നമ്മുടെ വായനശാലയില്‍ ടി വി ഇല്ലായിരുന്നു, ടെലിവിഷന്‍ നമ്മള്‍ക്കും വാങ്ങിയെ തീരൂ എന്ന് പൊതു അഭിപ്രായം രൂപം കൊണ്ടു ഒടുവില്‍ പഞ്ചായത്ത് സഹായത്തോടെ നമ്മളും ഒരു ടിവി വാങ്ങി ,ആയിടക്കാണ് വായനശാലയില്‍ ഉള്ള ടിവി മോഷ്ടിക്കുന്ന റാക്കറ്റ് വ്യാപകമായി മോഷണം തുടങ്ങിയതു, നമ്മുടെപഞ്ചായത്തിലെ തന്നെ നിരവധി വായനശാലയിലെ ടി വി കള്‍ ഓര്‍മ്മ മാത്രമായി...പൂട്ട്‌ പൊളിച്ചു പാതിരാത്രിക്ക്‌ കയറി ആണ് മോഷ്ടിക്കപ്പെട്ടത് ..ആ കാലഘട്ടത്തില്‍ കൂടുതലും അടച്ചുറപ്പുള്ളതായി രുന്നില്ല പല കെട്ടിടങ്ങളും .കമ്മിറ്റി കൂടി ടിവി സംരക്ഷണം അജണ്ട ആയി ചര്‍ച്ച ചെയ്തു ഒടുവില്‍ സെക്രട്ടറി പ്രസിഡന്റ് രാത്രി കാലങ്ങളില്‍ വായനശാലയില്‍ അന്തിയുറങ്ങികൊണ്ട് കാവല്‍ ഏറ്റെടുക്കണമെന്നു തീരുമാനിച്ചു ,ഭാവിയില്‍ ആളുകളെ മാറ്റി മാറ്റി മുന്നോട്ടു പോകാം എന്നും തീരുമാനിച്ചു . ആവേശത്തോടെ ടി വി വാങ്ങിയതില്‍ സന്തോഷം കൊണ്ട് നാട്ടുകാര്‍ പിരിഞ്ഞു ..ഭാരവാഹികള്‍ ആയ നമ്മുടെ നെഞ്ചില്‍ പക്ഷെ തീയായിരുന്നു...ഈ ടി വി എങ്ങനെ സംരക്ഷിച്ചു നിര്‍ത്തും എന്നുള്ളതായി ചിന്ത....മോഷണം നടന്നാല്‍ നമ്മുടെ പോരായ്മ ആയി വിലയിരുത്തും വിമര്‍ശനം വരും ..വളരെ കരുതലോടെ നമ്മള്‍ ഇരുന്നു ,രാത്രി ഭക്ഷണം കഴിച്ചു വന്നു ദേശാഭിമാനിയിലും മാതൃഭൂമിയിലും ഓക്കേ ആയി കിടത്തം ,തെറ്റിദ്ധരിക്കണ്ട പത്രം ഓഫീസുകളിലോന്നുമല്ല കേട്ടോ ,അവിടെ വരുന്ന പത്ര കെട്ടുകള്‍ അട്ടിയായി ഇട്ടു അതിനു മുകളില്‍ തുണിവിരിച്ചു ആയിരുന്നു കിടത്തം , കുറ്റം പറയരുതല്ലോ കൂട്ടിനു ആരുമില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റാകും നല്ല മൂട്ടകള്‍ കുടുബസമേതം ഉണ്ടായിരുന്നു കൂടെ ..മാസങ്ങള്‍ കടന്നു പോയി .പല തവണ മോഷ്ടാക്കള്‍ ചെറിയ ചെറിയ ശ്രമങ്ങള്‍ നടത്തി, ജനലിന്റെ കൊളുത്തുകള്‍ ഓക്കേ പ്ലയര്‍ ഉപയോഗിച്ച് കട്ട് ചെയ്യുക അങ്ങനെ പലതും അകത്തു കിടക്കുന്ന നമ്മളെ കണ്ടു ശ്രമം ഉപേക്ഷിക്കുകായിരുന്നു ..വര്‍ഷം ഒന്ന് കഴിഞ്ഞു നമ്മുടെ അന്തിയുറക്കം പുസ്തകങ്ങള്‍ക്ക് നടുവില്‍ തന്നെ ,വീട്ടില്‍ നിന്നും എന്ന് പരാതികള്‍ , മാറി മാറി കാവല്‍ നില്‍ക്കാം എന്ന് പറഞ്ഞവരെ ആരെയും കണ്ടില്ല ...ആയിടക്കു ഒരു ദിവസം പുലര്‍ച്ചെ നമ്മള്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു ഭയാനകമായ ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ മുന്‍ വശത്തെ ഏക വാതില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു വലിയ കല്ല്‌ കൊണ്ട് ഇടിച്ചാണ് വാതില്‍ നെടുകെ പിളര്‍ത്തിയത് ...വാതിലിനു നേരെ ശ്കത്മായ വെളിച്ചം ഒരു ബൈക്കില്‍ നിന്നും തെളിച്ചു വച്ചിരിക്കുന്നു, ആദ്യം ഒന്ന് പകച്ചു കണ്ണ് കാണാന്‍ വയ്യ പിന്നെ ഉള്ളധൈര്യം വച്ച് മുന്നോട്ടു കുതിച്ചു ബൈക്കിനു പിന്നാലെ ഓടി അവര്‍ സ്റ്റാര്‍ട്ട് ചെയ്തു വണ്ടി വിട്ടു പിന്നാലെ നമ്മളും ഏതാണ്ട് കുറച്ചു ദൂരം ഓടിയപ്പോള്‍ മനസ്സില്‍ ഒരു അങ്കലാപ്പ് ഇത് അവരുടെ ഒരു ട്രാപ്പ് ആകുമോ...അപ്പൊ തന്നെ തിരിച്ചു ഓടി ,ഒരു ഉടുമുണ്ട് മാത്രമായിരുന്നു ആ പാതിരാത്രിക്ക്‌ നഗ്നത മറക്കാന്‍ ദേഹത്ത് ഉള്ളത് അതൊന്നും ഓട്ടത്തെ ബാധിച്ചില്ല തുണിയില്ല എങ്കിലും ആഘട്ടത്തില്‍ ഒരു വിഷയമാകില്ലായിരുന്നു ...തിരിച്ചു വരുമ്പോള്‍ നമ്മള്‍ കരുതിയത് പോലെ വേറെ ഒരു കൂട്ടര്‍ മോഷ്ടിക്കാന്‍ ഉള്ള ഒരുക്കമാണ്നമ്മളെ കണ്ടതും അവര്‍ ഓടി രക്ഷപ്പെട്ടു... ആ ഒരു സംഭവം വല്ലാത്ത നടുക്കമാണ് ഉണ്ടാക്കിയത് ജീവന് വലിയ ആയുസ്സ് ഉണ്ടാകില്ല ഈ കണക്കിന്ഈ പോയാല്‍ ആദ്യത്തെ ടെലിവിഷന്‍ രക്തസാക്ഷി എന്ന വിളിപ്പേര്നമുക്ക് സ്വന്തമാകും എന്ന് ഉറപ്പായി.... പെട്ടന്ന് തന്നെ കമ്മിറ്റി വിളിച്ചു ആലോചിച്ചു ടിവി സംരക്ഷിക്കാന്‍ കോണ്ക്രീറ്റ് ലോക്കര്‍ ഉടനടി ഉണ്ടാക്കാന്‍ ഉള്ള തീരുമാനംഎടുത്തു, പണി പെട്ടന്ന് തന്നെ ആരംഭിച്ചു, കോണ്ക്രീറ്റ് ലോക്കര്‍ ഷട്ടര്‍ അടക്കം എല്ലാം ഭദ്രമായി തന്നെ നിര്‍മ്മിച്ചു.. എല്ലാവര്‍ക്കും സന്തോഷമായി കൂടുതല്‍ സന്തോഷം വീട്ടുകാര്‍ക്ക് ആയിരുന്നു ഏതാണ്ട് ഒന്നര വര്‍ഷത്തെ വായനശാല വാസം കഴിഞ്ഞു മക്കള്‍ വരുന്നു എന്നുള്ളത് തന്നെ ... ലോക്കറിന്റെ ഫിനിഷിംഗ് വര്‍ക്ക് കഴിഞ്ഞു, രാത്രി പ്രോഗ്രാം ഓക്കേ കഴിഞ്ഞു ടി വി അതിനുള്ളില്‍ വച്ചു ഭദ്രമായി ലോക്ക് ചെയ്തു , ഡബിള്‍ ലോക്കാണ് അതിനു പുറത്തു ഇരുമ്പ് വാതില്‍ പോരാതെ നമ്മുടെ ഒരു സുഹൃത്തിന്റെ തലയില്‍ ഉദിച്ച വിളഞ്ഞ ബുദ്ധിയില്‍ ഇരുമ്പ് ഡോറിനു ചെറിയ ഒരു ഷോക്ക് അടിക്കത്തക്ക രീതിയില്‍ ഒരു കണക്ഷനും വെച്ചു കൊടുത്തു ,ഇനി ഭദ്രം എന്ന ആത്മ വിശ്വാസത്തോടെ എല്ലാവരും പിരിഞ്ഞു സ്വന്തം വീടുകളിലേക്ക് ,,പിറ്റേന്ന് രാവിലെ വന്നു ശ്രദ്ധിച്ചു , ഭദ്രംതന്നെ ഈ ബുദ്ധി എന്തെ നേരെത്തെ തോന്നിയില്ല എന്ന് മനസ്സില്‍ പറഞ്ഞു ..കള്ളന്മാര്‍ ഇളിഭ്യരായി കാണും എല്ലാവരും പരസപരം പറഞ്ഞു ചിരിച്ചു ..കളി നമ്മളോടാ അല്ല പിന്നെ... വീരവാദം മുഴക്കുന്ന കാര്യത്തില്‍ ആരും പിശുക്ക് ഒട്ടും കാണിച്ചില്ല , ആഴ്ച ഒന്ന് കഴിഞ്ഞു ,ഒരു ദിവസം നേരം പുലരുന്നതേയുള്ളൂ പത്ര വില്‍പ്പന നടത്തുന്ന സുഹൃത്ത്‌ വീട്ടില്‍ വന്നു ഉച്ചത്തില്‍ വിളിക്കുന്നു ...കാര്യം അറിയാതെ ധൃതിയില്‍ ഓടിച്ചെന്നപ്പോള്‍ കേട്ട വാര്‍ത്തയില്‍ ഉള്ള ബോധം പോകുമോ എന്ന് തോന്നി മെല്ലെ അവിടെ ഒരു കമ്പില്‍ പിടിച്ചു ഇരുന്നു അമ്മ ഇച്ചിരി വെള്ളം കൊണ്ട് തന്നു......ലോക്കര്‍ തുറന്നു ടി വി കള്ളന്മാര്‍ കൊണ്ട് പോയിരിക്കുന്നു, റിമോര്‍ട്ട് അവിടെ ബാക്കി വെച്ചിരിക്കുന്നു, "മഹാമനസ്ക്കര്‍" ..ചിരിക്കണോ അതോ കരയണോ...വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ഒന്നര വര്ഷം കഷ്ടപ്പെട്ട് ത്യാഗം സഹിച്ചു സംരക്ഷിച്ചതു എല്ലാം ..............അവര്‍ ആസൂതിതമായി എല്ലാം പ്രവര്‍ത്തിച്ചു.മിടുക്കന്മാര്‍ ..പിന്നീട്പോലീസ് സ്റ്റേഷന്‍, കേസ് ,പോലീസ് നായ....അത് കൊണ്ടൊന്നും ഒരു കാര്യമുണ്ടായില്ല .അഞ്ചു വര്‍ഷക്കാലം പിന്നെയും ഭാരവാഹി ആയി തുടര്‍ന്നു എങ്കിലും ഈ ഓര്‍മ്മകള്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിലെ അധികമാര്‍ക്കും അനുഭവപ്പെടാന്‍ ഇല്ലാത്ത ഒരു അദ്ധ്യായം ആകും എന്ന് തന്നെ കരുതുന്നു ....

Wednesday, January 25, 2012

ഒടുവില്‍ മാഷ്‌ യാത്രയായി .....പുനഃസമാഗമത്തിന്‍റെ ഹരിത സ്വപ്നങ്ങളുമായി ടീച്ചര്‍

 

      പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ വര്‍ഷങ്ങളോളം തീവ്രപ്രണയത്തിലായിരുന്ന മാഷിന്‍റെയും വിലാസിനി ടീച്ചരുടെയും  ജീവിതം നമുക്ക് മുന്നില്‍ ഒരു അനശ്വര പ്രണയമായി എന്നും നിലനില്‍ക്കും . ആള്‍ക്കൂട്ടങ്ങളെ തന്‍റെ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍റെ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു  . രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി എന്നത് ആദ്യമാദ്യം വിശ്വസിക്കാന്‍ നമുക്ക് മടി തോന്നാം .അന്ധമായൊരു തിരസ്കാരത്തിന്‍റെയും മഹാനുരാഗത്തിന്‍റെയും കഥ കൂടിയാണത് . വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍റെ ജീവിതകഥ പൂര്‍ണമാവില്ല

        തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ത്ഥിനിയെ അഴീക്കോട് കാണുന്നത്. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ത്ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍റെ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍റെ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.  അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍റെ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍റെ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍റെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.   2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി.
          മരണത്തിന്‍റെ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍റെ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍റെ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും  ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി .ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ്   വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി.പ്രണയ സാഫല്യത്തിന്‍റെ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍റെ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു. പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ്   കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്.   70ാം വയസ്സിലും 17ന്‍റെ തീവ്രതയോടെ വിലാസിനി ടീച്ചര്‍ മാഷിനെ പ്രണയിക്കുമ്പോള്‍ , മാഷ്‌ കുറ്റസമ്മതം നടത്തുമ്പോള്‍, അങ്ങിനെ അവസാനം ആ മഞ്ഞുമല ഉരുകുകയായിരുന്നു .നിത്യ പ്രണയത്തിന്റെ സംവത്സരങ്ങള്‍ക്ക് ഒടുവില്‍  ഈ അനശ്വര പ്രണയകാവ്യമാത്രം ബാക്കിവച്ച് അഴിക്കോട് യാത്രയായി ......

Friday, January 20, 2012

ആത്മഹത്യയെ ആത്മമിത്രങ്ങളാക്കുന്നവര്‍ ......


       
         ഏകദേശം നാല് പതിറ്റാണ്ട് കാലത്തോളമായി ഗള്‍ഫ് പണം കേരളത്തിന്റെ പല മേഖലകളിലുമായി ചെലുത്തുന്ന സ്വദീനം അവഗണിക്കാന്‍ പറ്റാത്തതാണ് .വിദേശത്തു ജോലി ചെയ്യുന്ന പണം കൊണ്ട് സ്വന്തം കുടുബകാര്യവും അതോടപ്പം നമ്മുടെ നാടിന്റെ വികസനവും ഒരു പരിധിവരെ സാധ്യമായിരുന്നു എന്നത് വസ്തുതയാണ് . ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് നമ്മുടെ സമൂഹം വേണ്ടത്ര പരിഗണന നല്കുന്നുണ്ടോ ? സമൂഹവും അതോടപ്പം കുടുബവും പ്രവാസിക്ക് തിരിച്ചു നല്ക്കുന്നതെന്താണ് .ഓരോ വര്‍ഷവും ഗള്‍ഫില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ലക്ഷങ്ങള്‍ വരും എന്നാണു കരുതുന്നത്. ഏതാണ്ട് അമ്പതു ലക്ഷം ആളുകള്‍ വിദേശത്ത് ജോലി ചെയ്യുബോള്‍ അതില്‍ തൊണ്ണൂറു ശതമാനവും ഗള്‍ഫില്‍ തന്നെയാണ് .ഇതില്‍ ഏറെ കുറെ സ്വന്തം കിടപ്പാടം പോലും പണയപ്പെടുത്തി വന്നവര്‍ എന്നത് ശ്രദ്ധേയം . എന്നാല്‍ ഇവരില്‍ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിനാണ് വഴി തെളിയ്ക്കുന്നതെന്ന് കരുതപ്പെടുന്നു. അടുത്തയിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന ആത്മഹത്യകള്‍ എത്രമാത്രം മാനസിക സംഘര്‍ഷത്തിലാണ് ഗള്‍ഫിലെ സാധാരണക്കാരായ ജീവനക്കാര്‍ കഴിയുന്നതെന്ന  കാര്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് ....

           ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ് പുറത്തു വിട്ട കണക്കു പ്രകാരം 2003-ല്‍ യു.എ.ഇ.യില്‍ ആത്മഹത്യ ചെയ്ത പ്രവാസികളുടെ എണ്ണം 40 ആയിരുന്നെങ്കില്‍ 2007 ആകുമ്പോഴേക്കും ഇത് 118 ആയി ഉയര്‍ന്നു . എല്ലാറ്റിനും പരിഹാരമെന്ന മിഥ്യാധാരണയോടെ ഏറെ പ്രബുദ്ധരെന്ന് നാം മലയാളികള്‍ എത്രയുച്ചത്തില്‍ വിളിച്ചോതിയാലും ഇത്തരം ദുരനുഭവങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ പിടിച്ചുലക്കാതിരിക്കില്ല. നമ്മുടെ മനസ്സിലെവിടെയോ അത് ഏറെ ആഴത്തിലുള്ള മുറിവുകള്‍ കോറിയിടാതെയുമില്ല.   ജീവിതം പച്ചപിടിപ്പിക്കാന്‍ നാടും വീടുമുപേക്ഷിച്ച് കടല്‍കടന്നെത്തിയ മുഴുവന്‍ പ്രവാസികളെയും ഏറെ നോവിപ്പിച്ച വാര്‍ത്തകളുടെ പരമ്പരയുമായാണ് ഫെബ്രുവരി മാസം കടന്നുപോയത്. ഒന്നിനു പിറകെ ഒന്നായി മലയാളികള്‍ ഒറ്റക്കും കുടുംബ സമേതവും ജീവനൊടുക്കുകയായിരുന്നു. ജനുവരി അവസാന ആഴ്ചയിലും ഫെബ്രുവരിയിലുമായി ആറ് മലയാളികളാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ജീവനൊടുക്കിയത്..കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എഴുപത്തി ഒന്‍പതു ഇന്ത്യകാരാണ്. 2012 പിറന്ന് ഇരുപതു ദിവസം പിന്നിട്ടപോഴേക്കും ഒരു ഡസനോളം പേര്‍ ആത്മാഹുതി ചെയ്തിരിക്കുന്നു...കൊള്ളപ്പലിശയുടെ നീരാളിക്കൈകള്‍ ശ്വാസം മുട്ടെ വരിഞ്ഞുമുറുക്കിയപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയ ഒട്ടേറെ പേര്‍. അച്ഛനും അമ്മയും കുഞ്ഞുമക്കളും മുതല്‍ പിറക്കാനിരിക്കുന്ന കുഞ്ഞുപൂക്കളെ വരെ പിഴുതെറിഞ്ഞ ആത്മഹത്യകള്‍ക്ക് വഴിയൊരുക്കിയ കെണികളുടെ ആഴം ഞെട്ടിക്കുന്നതാണ്.അക്ഷരാഭ്യാസത്തിന്‍െറ ബാലപാഠങ്ങള്‍ പഠിച്ചുവളരുന്ന കുഞ്ഞുമക്കളും രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഗര്‍ഭാശയത്തിന്‍െറ ഇരുളകങ്ങളില്‍ നിന്ന് വിസ്മയ കാഴ്ചകളുടെ വെളിച്ചത്തിലേക്ക് പിറന്നുവീഴേണ്ടിയിരുന്ന ശിശുവും ഈ ലോകത്തോട് എന്തു പിഴച്ചു ?   കുറ്റവാളികള്‍ നമുക്കിടയില്‍ എവിടെയെല്ലാമോ മറഞ്ഞിരിക്കുന്നു. മരണക്കെണിയൊരുക്കിയവര്‍ക്കൊപ്പം നിസ്സംഗരായി നോക്കിനിന്നവരും സമൂഹ മനഃസാക്ഷിക്ക് മുന്നില്‍ കുറ്റവാളികളാവുകയാണ്..,,,,,,,,,,

      ആഡംബര ജീവിതത്തോടുള്ള ആസക്ത്തി, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഇവയൊക്കെയാണ് ഒരു പ്രവാസിയുടെ ഗള്‍ഫ് മുഖം.......
          വിസക്കും യാത്രാവശ്യത്തിനുമുള്ള പണം ചിലവിട്ടു ഗള്‍ഫ് നാടുകളില്‍ എത്തുന്ന ഒരു ശരാശരി ഇന്ത്യക്കാരന്‍ അപ്പോള്‍ മുതല്‍ തന്നെ കട ബാധ്യത ഉള്ളവനാകുന്നു. ഗള്‍ഫ് ജീവിത സാഹചര്യങ്ങളുമായി ഇടപഴകി വരുമ്പോഴേക്കും അറിഞ്ഞോ അറിയാതെയോ പര്‍ച്ചേസ് സംസ്‌കാരത്തിന്റെ പിടിയില്‍ ആകുന്നു. കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ ശരാശരി പ്രവാസിക്ക് കെണി ആകുന്നു. അന്യന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് പലപ്പോഴും ഈ പ്രവണതക്ക് പിന്നില്‍. വീടായാലും കാറായാലും ആഘോഷങ്ങലായാലും ആവശ്യത്തിനും അപ്പുറത്തെക്കുള്ള മോഹവും അത് സ്വന്തമാക്കാനുള്ള ശ്രമവും കട ബാധ്യത എന്ന മഹാ ദുരന്തത്തിലേക്ക് പ്രവാസിയെ കൊണ്ടു ചെന്നെത്തിക്കുന്നു...കടം വാങ്ങി ആഗ്രഹങ്ങള്‍ സാധിപ്പിക്കുക എന്നതാണ് രീതി. കടം വരവിനേക്കാള്‍ രണ്ടിരട്ടി ആവുമ്പോള്‍ പ്രവാസിക്ക് മുന്നില്‍ ബാങ്ക് ലോണ്‍ എന്ന വാതില്‍ തുറക്കുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ തയ്യാറുള്ള ബാങ്കുകള്‍ ഉണ്ട്. ഇതു വാസ്തവത്തില്‍ വലിയൊരു കെണി ആവുകയാണ് പ്രവാസിക്ക്. എണൂര്‍ ദിര്‍ഹം മുതല്‍ അങ്ങോട്ട് ശമ്പളം വാങ്ങുന്നവര്‍ പ്രവാസികളുടെ കൂട്ടത്തില്‍ ഉണ്ട്. നാട്ടിലെ ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമായി ശമ്പളത്തിന് പുറമേ വലിയ തുക പ്രവാസിക്ക് ചിലവാകുന്നുണ്ട്.ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരുന്നു. പലരും ഇത്തരത്തില്‍ വന്‍ തുക വായ്പ എടുത്താണ് പണം നാട്ടിലേക്ക് അയക്കുന്നത്. മാസ വരുമാനം കൊണ്ടു വായ്പാ തവണ അടച്ചു തീര്‍ക്കാന്‍ ആവാത്ത സ്ഥിതി സംജാതമാകും.

        ഭാവിയെ കുറിച്ച് ചിന്ത ഇല്ലാത്ത പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് തിരികെ കയറാന്‍ ആവാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് എടുത്തെറിയപെടുന്നത്,തവണകള്‍ മുടങ്ങുന്നതോടെ വായ്പ നല്‍കിയ ബാങ്ക് ഇടപാടുകാരനെ തിരക്കി ഇറങ്ങും. കേസും പ്രശ്‌നങ്ങളുമായി ജോലി നഷ്ടപെടാതിരിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസി അങ്ങനെ താല്‍കാലിക ആശ്വാസം തേടി ക്രെഡിറ്റ് കാര്‍ഡ്കളെ ആശ്രയിക്കും.രണ്ടര ശതമാനം മാത്രം പലിശ എന്ന വാഗ്ദാനവുമായി എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് കള്‍ സേവന നികുതിയും മറ്റു കണക്കുകളും പറഞ്ഞു 30 ശതമാനം മുതല്‍ 40 ശതമാനം വരെ പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ അടവുകള്‍ തെട്ടുന്നതോടെ തുടര്‍ച്ചയായി ബാങ്കുകള്‍ നോട്ടീസ് അയക്കും. മറുപടി ലഭിക്കാതാകുംപോള്‍ പോലീസു കേസാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ജീവിതം ദുസ്സഹമാക്കുംപോള്‍ പിന്നീട പ്രവാസി ആശ്രയിക്കുക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആണ്. .എന്നാല്‍ യു എ യില്‍ പ്രവാസികള്‍ക്കിടയില്‍ പലിശക്ക് പണം നല്‍കുന്ന രീതി നിര്‍ബാധം തുടരുന്നു. ആയിരം ദിര്‍ഹത്തിനു 100 ദിര്‍ഹം വരെ പലിശ ഈടാക്കുന്നവരാണ് ഇവര്‍. പാസ്‌പോര്‍ട്ട് പണയപെടുത്തിയാണ് മിക്കവാറും ഇവരില്‍ നിന്നു പണം പലിശക്കെടുക്കുക. വളരെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മരണാന്തര ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട്..പറഞ്ഞ അവധിക്കു പണം നല്‍കി പാസ്‌പോര്‍ട്ട് തിരികെ കൈപാറ്റാന്‍ ഇടപാടുകാരന്‍ ശ്രമിക്കാതാകുംപോള്‍ പലിശക്ക് പണം നല്‍കിയവര്‍ ഇവരെ തേടി ജോലി സ്ഥലത്ത് എത്തും. ജോലിസ്ഥലത് കാര്യങ്ങള്‍ അറിയുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‌നമാകും. ഒടുവില്‍ പോലിസ് കേസാകും കോടതി കയറേണ്ടി വരും.പണം തിരിച്ചടക്കാന്‍ ആയില്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയും ലഭിക്കും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നേരെ നാട്ടിലേക്ക് കയറ്റി വിടും. പിന്നീട് വിദേശത്തേക്ക് തിരികെ വരാന്‍ ആവില്ല....അപമാന ഭീതിയും നാട്ടില്‍ ചെന്നാല്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചിന്തയും മാനസിക പ്രശ്‌നങ്ങളിലേക്ക് പ്രവാസിയെ തള്ളി വിടുന്നു. മാനസിക പ്രശ്‌നങ്ങള്‍ ചിലപോഴൊക്കെ മാനസിക വിഭ്രാന്തിയിലെക്കും അവനെ കൊണ്ടു ചെന്നെത്തിക്കുന്നു....
.. അന്തമായ അഭിമാന ബോധമാണ് മലയാളികളെ ഇപോഴും നയിക്കുന്നത്. വിഷമതകള്‍ അടുത്ത സുഹൃത്തിനോട് പോലും തുറന്നു പറയാന്‍ ശ്രമിക്കാത്തവരാന് ആത്മഹത്യ ചെയ്ത ഭൂരിപക്ഷവും. സാമ്പത്തിക ബാധ്യത ഉള്ളവരെ ബാധ്യത തീരത്തു രക്ഷിച്ചെടുക്കാന്‍ ആര്‍കും ആവില്ല. പക്ഷെ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മാനസിക പിരിമുറുക്കം കുറച്ചു കൊണ്ടു വരാനും അതുവഴി ആത്മഹത്യാ ചിന്തയില്‍ നിന്നു പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.. . നാട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ദീര്‍ഘകാലം പ്രവാസിയായി കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും ധാരാളം . ഭാര്യയുമായും കുട്ടികളുമായും വൈകാരികമായ അടുപ്പം ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ പ്രവാസം നഷ്ടപ്പെടുത്തുന്നതിന്റെ ദുരന്തം അവര്‍ പലപ്പോഴും അനുഭവിക്കേണ്ടിയും വരുന്നുണ്ട്. എല്ലാ മാസവും പണമയയ്ക്കുന്നൊരാള്‍ എന്നതിനപ്പുറം അച്ഛനെന്നോ അമ്മയെന്നോ ഉള്ള വൈകാരിക അടുപ്പം വളരുന്ന പ്രായത്തില്‍ കുട്ടികളില്‍ രൂപവത്കരിക്കപ്പെടാത്തതാണ് ഇതിനു കാരണം
       മരുഭൂമിയില്‍ കഷ്ടപ്പെട്ട് പ്രവാസി അയക്കുന്ന പണത്തില്‍ നിന്നു ഒരു ചെറിയ തുക നിങ്ങള്‍ നാട്ടില്‍ മിച്ചം പിടിക്കുക ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് മിച്ചം വരുന്ന ജീവിതത്തില്‍ അത് ഒരു താങ്ങ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല .അല്ലെങ്കില്‍ വരും നാളുകളില്‍ വരുന്ന പത്രവാര്‍ത്തകളില്‍ നിങ്ങളുടെ മിത്രങ്ങളും ബന്ധുക്കളും നൊമ്പരപെടുത്തുന്ന വാര്‍ത്തയായി നിറഞ്ഞു നിന്നേക്കാം ...അതോടപ്പം തന്നെ എന്തിനും ഏതിനും പ്രാവസികളെ പിഴിഞ്ഞു കാശ് കൊണ്ടുപോകുന്ന അധികാരിവര്ഗ്ഗതിന്റെ അടഞ്ഞുപോയ കണ്ണുകള്‍ ഇവര്‍ക്ക് നേരെ തുറന്നേ പറ്റൂ..........