Wednesday, January 25, 2012

ഒടുവില്‍ മാഷ്‌ യാത്രയായി .....പുനഃസമാഗമത്തിന്‍റെ ഹരിത സ്വപ്നങ്ങളുമായി ടീച്ചര്‍

 

      പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ വര്‍ഷങ്ങളോളം തീവ്രപ്രണയത്തിലായിരുന്ന മാഷിന്‍റെയും വിലാസിനി ടീച്ചരുടെയും  ജീവിതം നമുക്ക് മുന്നില്‍ ഒരു അനശ്വര പ്രണയമായി എന്നും നിലനില്‍ക്കും . ആള്‍ക്കൂട്ടങ്ങളെ തന്‍റെ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍റെ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു  . രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി എന്നത് ആദ്യമാദ്യം വിശ്വസിക്കാന്‍ നമുക്ക് മടി തോന്നാം .അന്ധമായൊരു തിരസ്കാരത്തിന്‍റെയും മഹാനുരാഗത്തിന്‍റെയും കഥ കൂടിയാണത് . വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍റെ ജീവിതകഥ പൂര്‍ണമാവില്ല

        തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ത്ഥിനിയെ അഴീക്കോട് കാണുന്നത്. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ത്ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍റെ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍റെ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.  അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍റെ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍റെ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍റെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.   2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി.
          മരണത്തിന്‍റെ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍റെ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍റെ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും  ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി .ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ്   വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി.പ്രണയ സാഫല്യത്തിന്‍റെ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍റെ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു. പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ്   കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്.   70ാം വയസ്സിലും 17ന്‍റെ തീവ്രതയോടെ വിലാസിനി ടീച്ചര്‍ മാഷിനെ പ്രണയിക്കുമ്പോള്‍ , മാഷ്‌ കുറ്റസമ്മതം നടത്തുമ്പോള്‍, അങ്ങിനെ അവസാനം ആ മഞ്ഞുമല ഉരുകുകയായിരുന്നു .നിത്യ പ്രണയത്തിന്റെ സംവത്സരങ്ങള്‍ക്ക് ഒടുവില്‍  ഈ അനശ്വര പ്രണയകാവ്യമാത്രം ബാക്കിവച്ച് അഴിക്കോട് യാത്രയായി ......

Friday, January 20, 2012

ആത്മഹത്യയെ ആത്മമിത്രങ്ങളാക്കുന്നവര്‍ ......


       
         ഏകദേശം നാല് പതിറ്റാണ്ട് കാലത്തോളമായി ഗള്‍ഫ് പണം കേരളത്തിന്റെ പല മേഖലകളിലുമായി ചെലുത്തുന്ന സ്വദീനം അവഗണിക്കാന്‍ പറ്റാത്തതാണ് .വിദേശത്തു ജോലി ചെയ്യുന്ന പണം കൊണ്ട് സ്വന്തം കുടുബകാര്യവും അതോടപ്പം നമ്മുടെ നാടിന്റെ വികസനവും ഒരു പരിധിവരെ സാധ്യമായിരുന്നു എന്നത് വസ്തുതയാണ് . ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് നമ്മുടെ സമൂഹം വേണ്ടത്ര പരിഗണന നല്കുന്നുണ്ടോ ? സമൂഹവും അതോടപ്പം കുടുബവും പ്രവാസിക്ക് തിരിച്ചു നല്ക്കുന്നതെന്താണ് .ഓരോ വര്‍ഷവും ഗള്‍ഫില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ലക്ഷങ്ങള്‍ വരും എന്നാണു കരുതുന്നത്. ഏതാണ്ട് അമ്പതു ലക്ഷം ആളുകള്‍ വിദേശത്ത് ജോലി ചെയ്യുബോള്‍ അതില്‍ തൊണ്ണൂറു ശതമാനവും ഗള്‍ഫില്‍ തന്നെയാണ് .ഇതില്‍ ഏറെ കുറെ സ്വന്തം കിടപ്പാടം പോലും പണയപ്പെടുത്തി വന്നവര്‍ എന്നത് ശ്രദ്ധേയം . എന്നാല്‍ ഇവരില്‍ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിനാണ് വഴി തെളിയ്ക്കുന്നതെന്ന് കരുതപ്പെടുന്നു. അടുത്തയിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന ആത്മഹത്യകള്‍ എത്രമാത്രം മാനസിക സംഘര്‍ഷത്തിലാണ് ഗള്‍ഫിലെ സാധാരണക്കാരായ ജീവനക്കാര്‍ കഴിയുന്നതെന്ന  കാര്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് ....

           ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ് പുറത്തു വിട്ട കണക്കു പ്രകാരം 2003-ല്‍ യു.എ.ഇ.യില്‍ ആത്മഹത്യ ചെയ്ത പ്രവാസികളുടെ എണ്ണം 40 ആയിരുന്നെങ്കില്‍ 2007 ആകുമ്പോഴേക്കും ഇത് 118 ആയി ഉയര്‍ന്നു . എല്ലാറ്റിനും പരിഹാരമെന്ന മിഥ്യാധാരണയോടെ ഏറെ പ്രബുദ്ധരെന്ന് നാം മലയാളികള്‍ എത്രയുച്ചത്തില്‍ വിളിച്ചോതിയാലും ഇത്തരം ദുരനുഭവങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ പിടിച്ചുലക്കാതിരിക്കില്ല. നമ്മുടെ മനസ്സിലെവിടെയോ അത് ഏറെ ആഴത്തിലുള്ള മുറിവുകള്‍ കോറിയിടാതെയുമില്ല.   ജീവിതം പച്ചപിടിപ്പിക്കാന്‍ നാടും വീടുമുപേക്ഷിച്ച് കടല്‍കടന്നെത്തിയ മുഴുവന്‍ പ്രവാസികളെയും ഏറെ നോവിപ്പിച്ച വാര്‍ത്തകളുടെ പരമ്പരയുമായാണ് ഫെബ്രുവരി മാസം കടന്നുപോയത്. ഒന്നിനു പിറകെ ഒന്നായി മലയാളികള്‍ ഒറ്റക്കും കുടുംബ സമേതവും ജീവനൊടുക്കുകയായിരുന്നു. ജനുവരി അവസാന ആഴ്ചയിലും ഫെബ്രുവരിയിലുമായി ആറ് മലയാളികളാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ജീവനൊടുക്കിയത്..കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എഴുപത്തി ഒന്‍പതു ഇന്ത്യകാരാണ്. 2012 പിറന്ന് ഇരുപതു ദിവസം പിന്നിട്ടപോഴേക്കും ഒരു ഡസനോളം പേര്‍ ആത്മാഹുതി ചെയ്തിരിക്കുന്നു...കൊള്ളപ്പലിശയുടെ നീരാളിക്കൈകള്‍ ശ്വാസം മുട്ടെ വരിഞ്ഞുമുറുക്കിയപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയ ഒട്ടേറെ പേര്‍. അച്ഛനും അമ്മയും കുഞ്ഞുമക്കളും മുതല്‍ പിറക്കാനിരിക്കുന്ന കുഞ്ഞുപൂക്കളെ വരെ പിഴുതെറിഞ്ഞ ആത്മഹത്യകള്‍ക്ക് വഴിയൊരുക്കിയ കെണികളുടെ ആഴം ഞെട്ടിക്കുന്നതാണ്.അക്ഷരാഭ്യാസത്തിന്‍െറ ബാലപാഠങ്ങള്‍ പഠിച്ചുവളരുന്ന കുഞ്ഞുമക്കളും രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഗര്‍ഭാശയത്തിന്‍െറ ഇരുളകങ്ങളില്‍ നിന്ന് വിസ്മയ കാഴ്ചകളുടെ വെളിച്ചത്തിലേക്ക് പിറന്നുവീഴേണ്ടിയിരുന്ന ശിശുവും ഈ ലോകത്തോട് എന്തു പിഴച്ചു ?   കുറ്റവാളികള്‍ നമുക്കിടയില്‍ എവിടെയെല്ലാമോ മറഞ്ഞിരിക്കുന്നു. മരണക്കെണിയൊരുക്കിയവര്‍ക്കൊപ്പം നിസ്സംഗരായി നോക്കിനിന്നവരും സമൂഹ മനഃസാക്ഷിക്ക് മുന്നില്‍ കുറ്റവാളികളാവുകയാണ്..,,,,,,,,,,

      ആഡംബര ജീവിതത്തോടുള്ള ആസക്ത്തി, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഇവയൊക്കെയാണ് ഒരു പ്രവാസിയുടെ ഗള്‍ഫ് മുഖം.......
          വിസക്കും യാത്രാവശ്യത്തിനുമുള്ള പണം ചിലവിട്ടു ഗള്‍ഫ് നാടുകളില്‍ എത്തുന്ന ഒരു ശരാശരി ഇന്ത്യക്കാരന്‍ അപ്പോള്‍ മുതല്‍ തന്നെ കട ബാധ്യത ഉള്ളവനാകുന്നു. ഗള്‍ഫ് ജീവിത സാഹചര്യങ്ങളുമായി ഇടപഴകി വരുമ്പോഴേക്കും അറിഞ്ഞോ അറിയാതെയോ പര്‍ച്ചേസ് സംസ്‌കാരത്തിന്റെ പിടിയില്‍ ആകുന്നു. കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ ശരാശരി പ്രവാസിക്ക് കെണി ആകുന്നു. അന്യന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് പലപ്പോഴും ഈ പ്രവണതക്ക് പിന്നില്‍. വീടായാലും കാറായാലും ആഘോഷങ്ങലായാലും ആവശ്യത്തിനും അപ്പുറത്തെക്കുള്ള മോഹവും അത് സ്വന്തമാക്കാനുള്ള ശ്രമവും കട ബാധ്യത എന്ന മഹാ ദുരന്തത്തിലേക്ക് പ്രവാസിയെ കൊണ്ടു ചെന്നെത്തിക്കുന്നു...കടം വാങ്ങി ആഗ്രഹങ്ങള്‍ സാധിപ്പിക്കുക എന്നതാണ് രീതി. കടം വരവിനേക്കാള്‍ രണ്ടിരട്ടി ആവുമ്പോള്‍ പ്രവാസിക്ക് മുന്നില്‍ ബാങ്ക് ലോണ്‍ എന്ന വാതില്‍ തുറക്കുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ തയ്യാറുള്ള ബാങ്കുകള്‍ ഉണ്ട്. ഇതു വാസ്തവത്തില്‍ വലിയൊരു കെണി ആവുകയാണ് പ്രവാസിക്ക്. എണൂര്‍ ദിര്‍ഹം മുതല്‍ അങ്ങോട്ട് ശമ്പളം വാങ്ങുന്നവര്‍ പ്രവാസികളുടെ കൂട്ടത്തില്‍ ഉണ്ട്. നാട്ടിലെ ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമായി ശമ്പളത്തിന് പുറമേ വലിയ തുക പ്രവാസിക്ക് ചിലവാകുന്നുണ്ട്.ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരുന്നു. പലരും ഇത്തരത്തില്‍ വന്‍ തുക വായ്പ എടുത്താണ് പണം നാട്ടിലേക്ക് അയക്കുന്നത്. മാസ വരുമാനം കൊണ്ടു വായ്പാ തവണ അടച്ചു തീര്‍ക്കാന്‍ ആവാത്ത സ്ഥിതി സംജാതമാകും.

        ഭാവിയെ കുറിച്ച് ചിന്ത ഇല്ലാത്ത പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് തിരികെ കയറാന്‍ ആവാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് എടുത്തെറിയപെടുന്നത്,തവണകള്‍ മുടങ്ങുന്നതോടെ വായ്പ നല്‍കിയ ബാങ്ക് ഇടപാടുകാരനെ തിരക്കി ഇറങ്ങും. കേസും പ്രശ്‌നങ്ങളുമായി ജോലി നഷ്ടപെടാതിരിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസി അങ്ങനെ താല്‍കാലിക ആശ്വാസം തേടി ക്രെഡിറ്റ് കാര്‍ഡ്കളെ ആശ്രയിക്കും.രണ്ടര ശതമാനം മാത്രം പലിശ എന്ന വാഗ്ദാനവുമായി എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് കള്‍ സേവന നികുതിയും മറ്റു കണക്കുകളും പറഞ്ഞു 30 ശതമാനം മുതല്‍ 40 ശതമാനം വരെ പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ അടവുകള്‍ തെട്ടുന്നതോടെ തുടര്‍ച്ചയായി ബാങ്കുകള്‍ നോട്ടീസ് അയക്കും. മറുപടി ലഭിക്കാതാകുംപോള്‍ പോലീസു കേസാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ജീവിതം ദുസ്സഹമാക്കുംപോള്‍ പിന്നീട പ്രവാസി ആശ്രയിക്കുക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആണ്. .എന്നാല്‍ യു എ യില്‍ പ്രവാസികള്‍ക്കിടയില്‍ പലിശക്ക് പണം നല്‍കുന്ന രീതി നിര്‍ബാധം തുടരുന്നു. ആയിരം ദിര്‍ഹത്തിനു 100 ദിര്‍ഹം വരെ പലിശ ഈടാക്കുന്നവരാണ് ഇവര്‍. പാസ്‌പോര്‍ട്ട് പണയപെടുത്തിയാണ് മിക്കവാറും ഇവരില്‍ നിന്നു പണം പലിശക്കെടുക്കുക. വളരെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മരണാന്തര ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട്..പറഞ്ഞ അവധിക്കു പണം നല്‍കി പാസ്‌പോര്‍ട്ട് തിരികെ കൈപാറ്റാന്‍ ഇടപാടുകാരന്‍ ശ്രമിക്കാതാകുംപോള്‍ പലിശക്ക് പണം നല്‍കിയവര്‍ ഇവരെ തേടി ജോലി സ്ഥലത്ത് എത്തും. ജോലിസ്ഥലത് കാര്യങ്ങള്‍ അറിയുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‌നമാകും. ഒടുവില്‍ പോലിസ് കേസാകും കോടതി കയറേണ്ടി വരും.പണം തിരിച്ചടക്കാന്‍ ആയില്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയും ലഭിക്കും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നേരെ നാട്ടിലേക്ക് കയറ്റി വിടും. പിന്നീട് വിദേശത്തേക്ക് തിരികെ വരാന്‍ ആവില്ല....അപമാന ഭീതിയും നാട്ടില്‍ ചെന്നാല്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചിന്തയും മാനസിക പ്രശ്‌നങ്ങളിലേക്ക് പ്രവാസിയെ തള്ളി വിടുന്നു. മാനസിക പ്രശ്‌നങ്ങള്‍ ചിലപോഴൊക്കെ മാനസിക വിഭ്രാന്തിയിലെക്കും അവനെ കൊണ്ടു ചെന്നെത്തിക്കുന്നു....
.. അന്തമായ അഭിമാന ബോധമാണ് മലയാളികളെ ഇപോഴും നയിക്കുന്നത്. വിഷമതകള്‍ അടുത്ത സുഹൃത്തിനോട് പോലും തുറന്നു പറയാന്‍ ശ്രമിക്കാത്തവരാന് ആത്മഹത്യ ചെയ്ത ഭൂരിപക്ഷവും. സാമ്പത്തിക ബാധ്യത ഉള്ളവരെ ബാധ്യത തീരത്തു രക്ഷിച്ചെടുക്കാന്‍ ആര്‍കും ആവില്ല. പക്ഷെ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മാനസിക പിരിമുറുക്കം കുറച്ചു കൊണ്ടു വരാനും അതുവഴി ആത്മഹത്യാ ചിന്തയില്‍ നിന്നു പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.. . നാട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ദീര്‍ഘകാലം പ്രവാസിയായി കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും ധാരാളം . ഭാര്യയുമായും കുട്ടികളുമായും വൈകാരികമായ അടുപ്പം ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ പ്രവാസം നഷ്ടപ്പെടുത്തുന്നതിന്റെ ദുരന്തം അവര്‍ പലപ്പോഴും അനുഭവിക്കേണ്ടിയും വരുന്നുണ്ട്. എല്ലാ മാസവും പണമയയ്ക്കുന്നൊരാള്‍ എന്നതിനപ്പുറം അച്ഛനെന്നോ അമ്മയെന്നോ ഉള്ള വൈകാരിക അടുപ്പം വളരുന്ന പ്രായത്തില്‍ കുട്ടികളില്‍ രൂപവത്കരിക്കപ്പെടാത്തതാണ് ഇതിനു കാരണം
       മരുഭൂമിയില്‍ കഷ്ടപ്പെട്ട് പ്രവാസി അയക്കുന്ന പണത്തില്‍ നിന്നു ഒരു ചെറിയ തുക നിങ്ങള്‍ നാട്ടില്‍ മിച്ചം പിടിക്കുക ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് മിച്ചം വരുന്ന ജീവിതത്തില്‍ അത് ഒരു താങ്ങ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല .അല്ലെങ്കില്‍ വരും നാളുകളില്‍ വരുന്ന പത്രവാര്‍ത്തകളില്‍ നിങ്ങളുടെ മിത്രങ്ങളും ബന്ധുക്കളും നൊമ്പരപെടുത്തുന്ന വാര്‍ത്തയായി നിറഞ്ഞു നിന്നേക്കാം ...അതോടപ്പം തന്നെ എന്തിനും ഏതിനും പ്രാവസികളെ പിഴിഞ്ഞു കാശ് കൊണ്ടുപോകുന്ന അധികാരിവര്ഗ്ഗതിന്റെ അടഞ്ഞുപോയ കണ്ണുകള്‍ ഇവര്‍ക്ക് നേരെ തുറന്നേ പറ്റൂ..........