Wednesday, December 14, 2016

എന്റെ ഗ്രാമം കുറ്റ്യാട്ടൂര്‍ മാങ്ങയുടെ സ്വന്തം നാട് ...

. പിറന്ന നാടും പെറ്റമ്മയും നല്‍കുന്ന ആത്മബന്ധം പലപ്പോഴും വിവരാണാതീതമാണ്.. എന്റെ ഗ്രാമത്തെകുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ ഈ പ്രാവാസലോകത്തു ഇരിക്കുമ്പോള്‍ നല്‍കുന്നത് ഗതകാലസുഖസ്മരണകള്‍ ആണ് . വടക്ക് ഭാഗം വളപട്ടണം പുഴയുടെഭാഗമായ പാവന്നൂര്‍ പുഴയും പടിഞ്ഞാറ്ഭാഗത്ത്‌ മുണ്ടേരി പുഴയും കിഴക്ക് ഭാഗം തലഉയര്‍ത്തി ചരിത്രത്തിന്റെ ശേഷിപ്പായി നില്‍കുന്ന തീര്‍ത്ഥട്ടുമലയും പാടവും പറമ്പും കുന്നുകളും താഴ്വരകളും നിറഞ്ഞു നില്‍ക്കുന്ന ഇടനാട്‌മേഖലയില്‍ ഉള്‍പ്പെടുത്താവുന്ന സുന്ദരമായ ഒരു നാട്ടിന്‍ പുറം ആണ് കണ്ണൂര്‍ ജില്ലയിലെ എന്റെ കുറ്റ്യാട്ടൂര്‍ എന്ന ഗ്രാമം .. കുറ്റ്യാട്ടൂര് എന്ന പേരിനു പിന്നില് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. വടക്കേ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര് ശിവക്ഷേത്രത്തില് ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനില് നിന്നു കല്പിച്ചുകിട്ടിയത് കുറ്റിയാട്ടൂരിലെ പ്രശസ്തരായ നാലുനമ്പ്യാര് തറവാട്ടുകാര്ക്കായിരുന്നു. നാലരകുറ്റി പശുവിന് നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും .കുറ്റി ആട്ടുന്നവരുടെ ദേശം ഒടുവില്‍ ലോപിച്ച് കുറ്റിയാട്ടൂര്‍ ആയി എന്നും പറയപ്പെടുന്നു . അത് പോലെ പ്രാചീന കാലത്ത് ഈ പ്രദേശത്ത് കൂടുതല്‍ കണ്ടു വന്നത്കുറ്റിക്കാടുകള്‍ ആയിരുന്നു എന്നും അത് പിന്നീട് ഗ്രാമത്തിന്റെ പേരായി കുറ്റിക്കാട്ടൂര്‍ എന്നും ഒടുവില്‍ കുറ്റ്യാട്ടൂര്‍ ആയിഎന്നും വേറെ ഒരു ഐതിഹ്യവും നിലനില്‍ക്കുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ശിലാലിഖിതങ്ങളിലും ചെമ്പോലകളിലും ഇതില്‍ നിന്നും വ്യതസ്തമായി കുത്തരിക്കാട്ടൂര്‍ എന്ന പേരാണ് കാണാന്‍ കഴിയുന്നത് ...പേര്കൊണ്ട് ഇങ്ങനെ വൈവിധ്യങ്ങളായ ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശം കാര്‍ഷികമേഖലയെ ആയിരുന്നു ആദ്യകാലങ്ങളില്‍ ഉപജീവനത്തിന് കൂടുതല്‍ ആശ്രയിച്ചിരുന്നത് .. ഈ പ്രദേശത്ത് സുലഭമായി ഉണ്ടാകുന്ന ഏറെ പേര് കേട്ട കുറ്റ്യാട്ടൂര്‍ മാങ്ങ പ്രദേശത്തിന്റെ പെരുമ രാജ്യാന്തരതലത്തിലേക്ക് വരെ എത്തിക്കുന്നു ..വലിയ ഒരു വരുമാനമാര്‍ഗ്ഗം കൂടിആണ് കര്‍ഷകരെ സംബന്ധിച്ച് കുറ്റ്യാട്ടൂര്‍ മാങ്ങ ,50 കോടി രൂപയുടെ കുറ്റ്യാട്ടൂര്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ മാത്രം 20 കോടി രൂപയുടെ മാങ്ങ ലഭിക്കാറുണ്ട്. കുറ്റ്യാട്ടൂരില്‍ 300 ഹെക്ടറിലായി പ്രതിവര്‍ഷം ഏഴായിരം ടണ്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നു.കുറ്റ്യാട്ടൂര്‍ മാങ്ങയുടെ ദേശസൂചിക രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് ദേശസൂചികാ പദവി ലഭിച്ചാല്‍ വിപണി കൈയടക്കാം. ദേശാന്തരങ്ങളില്‍ ഈ മധുരക്കനി കുറ്റ്യാട്ടൂരിന്റെ പേരറിയിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍ അത് പോലെ തന്നെ സമ്പന്നമായൊരു സാംസ്കാരിക പൈതൃകമുള്ള നാടാണ് കുറ്റ്യാട്ടൂര്. മതസൌഹാര്ദ്ദത്തിന്റെ വിളനിലമായ ഇവിടെ ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കുന്നു. വടക്കേ മലബാര്‍ തിറകളുടെയും തറികളുടെയും നാട് എന്ന് കൂടി വിശേഷിപ്പിക്കാറുണ്ട്. ഇവിടവും വ്യതസ്തമല്ല . ഒട്ടേറെ കാവുകള്, ക്ഷേത്രങ്ങള്, പുരാതന തറവാടുകള് എന്നിവയൊക്കെ ഈ നാടിന്റെ ചരിത്രപാരമ്പര്യം വിളിച്ചോതുന്നു . ഋഷി മാര്‍ തപസ്സു ചെയ്തു എന്ന് പറയപ്പെടുന്ന തീര്‍ത്ഥട്ടുമല ഗുഹയും വളരെ പ്രസിദ്ധമാണ് , അതിപുരാതനങ്ങളായ കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം മാണിയൂര് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. അങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട് ,പലതിനും 1000 വര്ഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ കലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന, ക്ഷേത്രച്ചുമരുകളിലെ ശില്പവേലകള് കാലപഴക്കത്തെ അതിജീവിച്ചുകൊണ്ട് ജനങ്ങളെ ആകര്ഷിക്കുന്നു.വേറൊരു പ്രധാന ക്ഷേത്രമായ കിഴക്കന്കാവ് ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുമുടി കേരളത്തിലെ തന്നെ അത്യപൂര്വ്വങ്ങളായ ക്ഷേത്രാനുഷ്ഠാനങ്ങളിലൊന്നാണ്. വളരെ പ്രസിദ്ധമാണ് കുറ്റിയാട്ടൂര്‍ കൂര്‍ബ്ബക്കാവ് താലപ്പൊലി മഹോത്സവം, ജാതി മത ബേധമന്യേ പ്രദേശത്തിന്റെ ഉത്സവമായി മാറുബോള്‍ അന്യദേശങ്ങളില്‍ നിന്നും പോലും ആളുകള്‍ വന്നെത്തുന്നു . വളരെ പുരാതനമായ മുസ്ളീം ദേവാലയമാണ് ചെക്കിക്കുളത്തിനടുത്തുള്ള പാറാല്പ്പള്ളി. പള്ളിയോടനുബന്ധിച്ചുള്ള മഖാമില് രണ്ട് ശൂഹതാക്കള് (രക്തസാക്ഷികള്) അന്ത്യവിശ്രമം കൊള്ളുന്നു. എല്ലാ വര്ഷവും കുംഭം 24-നു ആഘോഷിക്കുന്ന പാറാല്പ്പള്ളി നേര്ച്ച ഈ പ്രദേശത്തിന്റെ മാത്രമല്ല ജില്ലയുടെ തന്നെ ഒരു മഹോത്സവമാണ്. അന്നത്തെ ദിവസം നാനാജാതിമതസ്ഥര് പ്രസ്തുത ആഘോഷത്തില് പങ്കെടുക്കുകയും നേര്ച്ചകള് നേരുകയും ചെയ്യുന്നു. മതമൈത്രിയുടെ പ്രതീകമായ പ്രസ്തുത മഖാമില് എല്ലാവര്ക്കും പ്രവേശനമുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിറക്കല് രാജവംശത്തിന്റെ അധികാര പരിധിയില്പ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു കുറ്റ്യാട്ടൂര്. പില്ക്കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെതുടര്ന്ന്, സാമ്രാജ്യത്വഭരണസ്ഥാപനങ്ങളുടേയും, ജന്മി-നാടുവാഴിത്ത കൂട്ടുകെട്ടിന്റെയും നേതൃത്വത്തില് നടത്തപ്പെട്ട അടിച്ചമര്ത്തലുകളും ചൂഷണവും കാരണം, മഹാഭൂരിപക്ഷം വരുന്ന അവര്ണ്ണരും താഴ്ന്ന ജാതിക്കാരുമായ സാമാന്യജനങ്ങള്, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില് പിന്തള്ളപ്പെട്ടു. മാത്രമല്ല അടിമ-ഉടമ സമ്പ്രദായമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. അക്കാലത്ത് രൂപം കൊണ്ട കര്ഷകപ്രസ്ഥാനം, അയല്‍ പ്രദേശങ്ങള്‍ക്കൊപ്പം കുറ്റിയാട്ടൂരിലെ കൃഷിക്കാരിലും, കര്ഷകത്തൊഴിലാളികളിലും, പുതിയ ഉണര്‍വ്വും ആവേശവും ഉണ്ടാക്കി. എ.കെ.ജി, ഭാരതീയന്, കേരളീയന് തുടങ്ങിയ നേതാക്കളുടെ സന്ദര്ശനം, പീഡനത്തിന്റേയും അടിച്ചമര്ത്തലിന്റേയും നേരെ, ചെറുത്തുനില്പ്പിന്റേയും പ്രതിരോധത്തിന്റേയും, അതുവഴി കൂട്ടായ്മയുടേയും ആശയം മെല്ലെമെല്ലെ അവശവിഭാഗങ്ങളില്, വിശേഷിച്ചും കൃഷിക്കാരില് എത്തിക്കുവാന് സഹായിച്ചു. പോരാട്ടങ്ങളുടെ നാളുകള്ക്ക് തുടക്കമായി. നുരി വെച്ചുകാണല്, പാറവശ് തുടങ്ങിയ അക്രമപ്പിരിവുകള്ക്കെതിരെ ചിറക്കല് താലൂക്കില് അലയടിച്ചുയര്ന്ന പ്രക്ഷോഭത്തില് കുറ്റിയാട്ടൂരിലെ കൃഷിക്കാരും പങ്കെടുത്തു. കുടിയാന് മുട്ടിനു താഴ്ത്തി മുണ്ടുടുക്കുന്നതിനും, തോര്ത്ത് തലയില് കെട്ടി നടക്കുന്നതിനും വിലക്കു കല്പ്പിച്ചിരുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ തലേക്കെട്ട് സമരം, പഴശ്ശിയിലെ വണ്ണാത്തിമാറ്റ് സമരം തുടങ്ങിയവ കര്ഷകര്ക്കിടയില് സംഘബോധത്തിന്റേയും, കൂട്ടായ്മയുടേയും പുതിയ അവബോധം തുറന്നുകൊടുത്തു. അതോടപ്പം ഗ്രന്ഥശാലകള്, വായനശാലകള്, മറ്റു കലാസാംസ്കാരിക സ്ഥാപനങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങള് സാമൂഹ്യപരിവര്ത്തനത്തിനു വളരെയേറെ സഹായിച്ചിട്ടുണ്ട്. ഗ്രന്ഥാലയങ്ങളുടെ വിളനിലമായിരുന്നു എന്റെ ഗ്രാമം എന്ന് പറഞ്ഞാല്‍ തെറ്റാകില്ല മികച്ച രീതിയില് പ്രവര്ത്തിക്കുന്ന 12 ഗ്രന്ഥശാലകളും വായനശാലകള്ക്കും പുറമെ കലാസാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്ത്തനം കാഴ്ചവെക്കുന്ന 22 ക്ളബ്ബുകളും സംസക്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു, .അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ഭൂമിശാസ്ത്രപരമായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയാണിന്നു .. ..വളരെ അഭിമാനത്തോടെ നിങ്ങളുടെ സമക്ഷം എന്റെ ഗ്രാമത്തെ പരിചയപെടുത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട് .

No comments:

Post a Comment